2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

നെഹ്‌വയിലേക്കൊരു സാഹസിക യാത്ര..


അജ്മാനിൽ നിന്നും യാത്ര വൈകീട്ട്‌ 4 നു ആരംഭിക്കുമ്പോൾ കാഴ്ചകളുടെ മഹാ വിസ്മയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇ യുടെ മറ്റൊരു മുഖം. നാടിൻപുറവും ക്യഷിയിടവും വെള്ളക്കെട്ടും അരുവിയും പക്ഷികളുടെ വിവിധ തരവും കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന മലനിരകളും താഴ്‌വാരങ്ങളും അടങ്ങുന്ന കാഴ്ചകൾ കണ്ണിൽ മിന്നിമറിയുമ്പോൾ യാത്രയുടെ പുത്തൻ അനുഭവം സ്യഷ്ടിക്കപ്പെടുന്നു.



അജ്മാനിൽ യാത്ര തുടർന്ന് ഫുജൈറ മസാഫി ഫ്രഡേ മാർക്കിലേക്കെത്തുമ്പോഴേക്കും 70 കിലോമീറ്ററോളം കഴിയും.അവിടെ നിന്നും 30 കിലോമീറ്റർ മുന്നോട്ട്‌ പോകണം നഹ്‌ വയിൽ എത്താൻ.
വിസ്മയ കാഴ്ചകൾ പ്രതീക്ഷിച്ചതല്ല.മുന്നോട്ടുള്ള ഓരോ വളവും തിരിവും യാത്രയുടെ പുത്തൻ രസകാഴ്ചകളായിരുന്നു ഹാസിദ്ക്കക്കും ഹാരിസിനും സുബൈറിനും  എനിക്കും സമ്മാനിച്ചത്‌. 

ടാറിട്ട റോഡുകൾ ആവസാനിച്ചതിൽ നിന്നും തുടങ്ങുന്നു രസകരമായ യാത്ര. വല്ലപ്പോഴുമായി ചില വാഹനങ്ങൾ മാത്രം കടന്നുപോകുമ്പോൾ അധികം യാത്രക്കാരോ ടൂറിസ്റ്റ്‌ കളോ ഇല്ലതാനും. കൂറ്റൻ മല തുരന്നുണ്ടാക്കിയ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ടണൽ മറ്റൊരു പ്രത്യേകത തന്നെ. റോഡ്‌ വികസനങ്ങളും ടണൽ നിർമ്മാണവും നടന്ന് കൊണ്ടിരിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളും ഭീമൻ മലകൾ കാണാം. തുരങ്കങ്ങളും മലയിടക്കുകളും പ്രക്യതിയുടെ മനോഹാരിത വിളിച്ചോതും. മലവെള്ളപാച്ചിലിൽ ഉണ്ടായ ഗർത്തങ്ങളുടെ കാഴ്ച അവിസ്മരണീയമാണു.

30 സ്പീഡ്‌ വരെ സ്പീഡ്‌ ലിമിറ്റ്‌ വച്ചിട്ടുണ്ട്‌ എങ്കിലും പലപ്പോഴും അതിൽ താഴെ വേഗതയിൽ മാത്രമേ പോകാൻ കഴിയു. ഷീസ്‌ താഴ്‌വരയിൽ പുരാതനമായ വീടുകളും കാണാം. നിറയെ മാവും ഈന്തപ്പന തോട്ടവും.പച്ചപ്പ്‌ നിറഞ്ഞ ഈ സ്ഥലം കണ്ടാൽ മലയാളികൾക്ക്‌ സ്വന്തം നാടിനെ ഓർമ്മ വന്നേക്കാം. ചെറിയ വെള്ളച്ചാട്ടവും ക്യഷിയിടവും ഫാമുകളും കാണാം
അഫ്ഗാനികളും പാക്കിസ്ഥാനികളുമാണു ഈ സ്ഥലത്തെ ജോലിക്കാർ. ഒരു പള്ളിയും ഉണ്ട്‌ ഇവിടെ.1978 നിർമ്മിച്ച താണു ഈ പള്ളി.ഇമാമായി ഒരു പാക്കിസ്ഥനിയും ഉണ്ട്‌. വലിയ സ്റ്റെപ്പുകൾ കയറി വേണം ഈ പള്ളിയിലെത്താൻ.

ആറുമണി കഴിഞ്ഞപ്പോഴേക്കും ഷീസ്‌ താഴ്‌വരയിൽ ഇരുൾ മൂടിയിരിക്കുന്നു. യാത്ര പിന്നീട്‌ ആകാംക്ഷയുടെ പ്രതീക്ഷയി വിശ്വാസമർപ്പിച്ച സഞ്ചാരമായി. അറ്റമില്ലാതെ കിടക്കുന്ന വളഞ്ഞ്‌ തിരിഞ്ഞ വഴികൾ.ഇരു സൈഡും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന മലനിര. മീതെ കൂട്ടിനു ചന്ദ്രനും ഞങ്ങൾക്ക്‌ കൂടെ.കുത്തനെ ഇറക്കവും കയറ്റവും വളവും തിരിവും കഴിഞ്ഞ്‌ നഹ്‌ വ എന്ന മഹനീയ ഗ്രാമത്തിലെത്തി.തികഞ്ഞ ഒരു ഗ്രാമം. അടുത്തടുത്തായി വീടുകളും. വെള്ള കല്ല് കഷ്ണങ്ങൾ വെച്ച് മണ്ണിൽ പടുത്തുയർത്തിയ ഒട്ടനവധി വീടുകൾ.അറേബ്യൻ സംസ്കാരം വിളിച്ചോതുന്ന പൌരാണിക ഗ്രാമം ... ഹോസ്പിറ്റലും പോലീസ്‌ സ്റ്റേഷനും ഗ്രോസറിയും സ്കൂളുമെല്ലാം നിര നിരയായി കിടക്കുന്നു. റോഡിനു ഇരുവശവും നാട്ടിൻപുറത്തെ പോലെ സംസാരിച്ചിരിക്കുന്ന പ്രാദേശികരും.സൈക്കിൾ ചവിട്ടി രസിക്കുന്ന കുട്ടികളും ... യാത്ര തുടർന്ന് മിർബയിലെത്തി.അതിനിടക്ക്‌ ഒമാന്റെ അധീനതയിലുള്ള സ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം....മിർബയിൽ അവസാമിക്കുമ്പോൾ വീണ്ടും ഈ വഴിയാത്ര ചെയ്യാനുള്ള മറ്റൊരു ദിനത്തിന്റെ ചർച്ചയിലായിരുന്നു. 

ദുബൈയുടെ നിത്യകാഴ്ചകളിൽ നിന്നും തികച്ചും വെത്യസ്തം... മറക്കില്ലൊരിക്കലും!


http://malappurathukaaran.blogspot.ae/

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

പ്രവാസിയുടെ പെരുന്നാൾ

     പെരുന്നാളിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഫെസ് ബുക്കിൽ ധാരാളമാളുകൾ ഷെയർ ചെയ്യുന്ന ഒരു ഫോട്ടായാണ്.പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ഒരാളുടെ ചിത്രം.കൂടെ ഒരു നെയിം ബോർഡും പ്രവാസിയുടെ പെരുന്നാൾ എന്നെഴുതിയും വെച്ചിരിക്കുന്നു അതിൽ.ഈ ചിത്രത്തിനും ഒരുപാട് സം‍വദിക്കാനുണ്ടെന്ന് തോനുന്നു.ഗ്യഹാതുരത്വത്തിന്റെ ഒരു തികട്ടി വരൽ എന്നൊക്കെ വേണമെൻകിൽ പറയാം.ഈ ചിത്രം ചിലപ്പൊൾ നാട്ടിലുള്ള സുഹ്യത്തുകൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നത് യാഥാർത്യം.

     
പ്രവാസികളിൽ  30% ആളുകൾ മാത്രമേ കുടുംബത്തോടൊപ്പം ജീവിക്കുന്നുള്ളൂ അല്ലാത്തവർ പ്രവാസ ഭാഷയിൽ ‘ബാച്ചിലർ’ആണ്.പലർക്കും വർഷങ്ങളിൽ കിട്ടുന്ന ഒഴിവ് ദിനം പെരുന്നാളുകൾ മാത്രമാണ്.ആ പെരുന്നാൾ ദിവസം മണിക്കൂറുകൾ തികയാതെ വരുന്നത് സ്വാഭാവികം.വലിയ ശതമാനം മലയാളികളും കച്ചവടവുമായി ബന്ധപ്പെട്ടിരിക്കുന്നു ,അവർക്ക് കച്ചവട തിരക്ക് പെരുന്നാൾ രാവിലുകളുമായിരിക്കും ,സുബഹിയോടടുക്കും ചിലപ്പൊൾ ജോലി കഴിഞ്ഞ് റൂമിലെത്താൽ ആ സമയത്തായിരിക്കും ഡ്രസ്സെടുക്കുന്നതും ബാർബർ ഷോപ്പിൽ പോകുന്നതെല്ലാം തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അപ്പോഴായിരിക്കും ഓർമ വരുക.പെരുന്നാൾ രാവ് എല്ലാം കൊണ്ടും തിരക്കോട് തിരക്ക് തന്നെ! കണ്ണുടകൾ അറിയാതെ അടഞ്ഞ് പോകുന്നുണ്ടായിരിക്കും അത്രക്കങ്ങ് ക്ഷീണം ഉണ്ടാകാം.

    ഒന്നു കണ്ണടക്കാനുപോലുമാകാനകാതെ കുളിച്ച് പുത്തൻ വസ്ത്രവും ധരിച്ച് അത്തറും പൂശി മുസല്ലയുമെടുത്ത് മസ്ജിദിലേക്കോ ഈദ് ഗാഹുകളിലേക്കോ ഉള്ള ഓട്ടപ്പാച്ചിൽ.അപ്പോഴേക്കും തക്ബീർ ധ്വനികൾ മുഴങ്ങുന്നുണ്ടാകും..ചിലപ്പോൾ ഇമാം നമസ്കാരത്തിനുള്ള തയ്യാറെടുപ്പിലുമാകാം പിന്നീട് നമസ്കാരവും ഖുതുബയും കഴിഞ്ഞ് പെരുന്നാളിന്റെ സന്തോഷം മനസ്സിൽ നിറച്ച് പരസ്പരം ആശ്ലേഷിച്ചും ഈദ് സന്ദേശം കൈമാറിയും വിശേഷങ്ങൾ പൻക് വെച്ചും അടുത്തുള്ള കഫ്ടീരിയയിൽ നിന്നു സുലൈമാനിയും കുടിച്ച് അല്പം നാട്ടുവർത്തമാനങ്ങളും വീട്ട് വിശേഷങ്ങളും.പിന്നീട് വീട്ടുകാർക്കും കുടുംബക്കാർക്കും സുഹ്യത്തുകൾക്കും നീണ്ട ഫോൺ വിളിയും....ഇത്രയുമാകുമ്പോഴേക്കും ഉറക്കിലേക്ക് താനെ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.

       ഒന്നാന്തരം ബിരിയാണി വെക്കാനുള്ള പുറപ്പാടാണു അടുത്തത് .പലപ്പോഴും സുഹ്യത്തുകളെല്ലാം ഒരിടത്ത് ഒരുമിച്ച് കൂടി സംസാരവും ബഹളവും തമാശയും കളിയും ചിരിയുമായി ഭക്ഷണവും കഴിച്ച് നാട്ടിലെ ഓർമകളും വീട്ടിലെ കാര്യങ്ങലും ലോക വിഷയങ്ങളുമെല്ലാം പറഞ്ഞ് തീരുമ്പൊഴേക്കും അടുത്ത സുലൈമാനിക്കുള്ള സമയമായിട്ടുണ്ടാകും ......


         പലരും വാച്ചിലേക്ക് ഇടക്കിടക്ക് നൊക്കുന്നുണ്ടാകും എന്റെ ഈ വർഷത്തെ ഒരു ഒഴിവ് ദിനമാണല്ലോ ശരവേഗത്തിൽ പായുന്നത് .....അപ്പോഴേക്കും കൂട്ടുകാരെല്ലാം മടങ്ങിയിട്ടുണ്ടാകും വീണ്ടും തനിച്ചായി.....നേരം വെളുത്താൻ ഇനിയും ജോലിക്ക് പോകണം ഈ വർഷത്തെ ഒരു ഒഴിവ് ദിനം കൂടി വിടപറയുന്നു...സൻകടങ്ങളുടെ പെരുമഴ അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിട്ടുണ്ടാകും വീട്ടിലെ പെരുന്നാൾ എല്ലാവരും കൂടി ഭക്ഷണം കഴിക്കലും സംസാരിച്ചിരിക്കലും കൂട്ടുകുടുംബങ്ങളിലേക്കുള്ള വരവും പോക്കും വിരുന്നുകാരുമെല്ലാം ....കുടുംബത്തിനൊപ്പം അല്ലെൻകിൽ സുഹ്യത്തുകളോട് കൂടിയുള്ള കറക്കവുമെല്ലാം മനസ്സിലെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകും....വീണ്ടും അടുത്ത പെരുന്നാളിനുള്ള കാത്തിരിപ്പ്............


2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കക്കൂസ് സാഹിത്യം ?

    സാഹിത്യം അങ്ങിനെയാ,പല തരത്തിലുണ്ട്,അതിലൊരു തരമാണ് ഈ പറയപ്പെടുന്ന “കക്കൂസ് സാഹിത്യവും”  പറയുമ്പോഴേക്കും ആരും മൂക്കു പൊത്തണ്ട.പതിയെ പതിയെ പൊത്താം.മലയാളികൾ വലിയ സാഹിത്യക്കാരാ......അതിലുപരി നല്ല ആസ്വാദകരും! ദിനം പ്രതി ആഴ്ചപതിപ്പുകളും മാസികകളും പെറ്റ് പെരുകുന്നു.കേരളത്തിലെ ജന സംഖ്യകൾപ്പുറം ദിനപത്ര വരിക്കാരും. 

               
               നമ്മൾ പലരും യാത്രാ പ്രിയരാണല്ലൊ,ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളിയെ കാണാമെന്നത് ഒരു പൊതു തത്വമാണല്ലോ.കഥയല്ലയിത് മിഥ്യയുമല്ല സത്യമാണ്.നാം പലരും കണ്ടിട്ടും കാണാതെ പോകുന്നു. കണ്ടാലും പെട്ടെന്ന് തല തിരിക്കുന്നു.രണ്ടാളുകൾ ഒന്നിച്ച് വായിച്ചാലോ കണ്ടാലോ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു.

               
  ട്രെയ്നിലെ ബാത്ത് റൂമുകളിലും ഹോട്ടൽ ബാത്ത് റൂമുകളിലും പൊതു മൂത്ര പ്പുരകളിലും പൊതു സ്ഥലങ്ങളിലും അതും പോരാത്തതിനു ലിഫ്റ്റിലും മറ്റും എഴുതി മലയാളത്തിന്റെ തനിമയും എളിമയും സൌന്ദര്യവും നഷ്ടപ്പെടുത്തുന്ന രീതിയിൽ മാന്യമല്ലാത്ത രീതിയിൽ സംസ്കാര ശൂന്യമായ വായിക്കാൻ അറപ്പ് തൊനുന്ന നോക്കുവാൻ കണ്ണ് സമ്മതിക്കാത്തത്ര രൂപത്തിലും വാക്കുകളിലും വിവരണത്തിലുമായി മലയാളമറിയുന്ന മലയാള മക്കളുടെ ചെയ്തികൾ എത്ര നീചം .സഭ്യതകൾക്കുമപ്പുറം കേരള നാട്ടിൽ മാത്രമല്ല ഗൾഫ് നാടുകളിൽ പോലും ഇത്തരത്തിലുള്ള കാഴ്ചകൾ നമുക്ക് കാണാൻ കഴിയും.. വലരെ അധികം വിദ്യാസമ്പന്നരുള്ള മലയാളികൽക്കിടയിൽ ഇങ്ങനെ വിളമ്പി വെക്കുന്നവരേയും നാമെന്ത് വിളിക്കണം ? ഒരു മാറ്റം എന്ന് പ്രതീക്ഷിക്കാം...?

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണത്തിൽ നിന്നും ഓണപ്പുടയിലേക്ക്....

                  കാർഷികാഘോഷമാണല്ലോ ഓണം.ലോകത്തുള്ള മലയാളികളെല്ലാം ഓണം വിപുലമായി ആഘോഷികുമ്പോൾ നമ്മൾ ഓർക്കാതെ അല്ലെങ്കിൽ അറിയാതെ പോകുന്ന  ഗ്രാമമുണ്ട് മലപ്പുറം ജില്ലയിൽ .മങ്കട പെരിന്തൽമണ്ണ മണ്ഡലത്തിന്റേയും അതിർത്തിഗ്രാമം. ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു സ്ഥല നാമം  അത് ഓണപ്പുടവയായും പിന്നീടത് ഓണപ്പുടയായും അറിയപ്പെടുന്നു.

       ക്യഷിയും അതുമായി ജീവിക്കുന്നവരും ധാരാളം,പാടവും തോടും കുളങ്ങളും ഒരു ഭാഗം കുന്നുകളുമായി പ്രക്യതിമനോഹരമായി പച്ച പുതച്ച് നിൽക്കുന്ന ഈ കൊച്ചു ഗ്രാമം.ഗ്രാമത്തിൽന്റെ പൈത്യകവും മനസ്സും ലാളിത്യവും മനോഹാരിതവും കൈവിടാതെ പഴമകളെ ഓർമിച്ചെടുക്കാനെന്നോണം അങ്ങിങ്ങായി തെളിവുകൾ അവശേഷിച്ച് ഇന്നും നിലനിൽക്കുന്ന ഉൾ പ്രദേശങ്ങളും സ്ഥലനാമങ്ങളും ,ചരിത്രം മിഴിയിൽ തങ്ങി നിൽക്കാനൊന്നോണം ദ്രവിക്കാൻ വെമ്പുന്ന ചുവരെഴുത്തുകളും.പഴയ പൌര പ്രമാണികളും കാരണവന്മാരും കാലത്തിന്റെ വിളിക്കുത്തരം നൽകി മണ്ണോടടിഞ്ഞപ്പോൾ ചില ചരിത്ര സത്യങ്ങൾ മാത്രം അവരെ ഓർക്കാനെന്നോണം അവശേഷിച്ചു. 

           നമ്മുടെ ഓർമകൾ കടന്നെത്താനാകാത്ത വിധം എവിടേയും എഴുതി വെക്കാത്ത തലമുറകളായി കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അറിഞ്ഞും അറിയിച്ചും പോന്ന ഒരു ചരിത്ര സത്യം.വർഷം അഞ്ഞൂറുകൾ കഴിയുമ്പോൾ ഓണപ്പുട എങ്ങനെ ഓണപ്പുടയായി എന്ന ചോദ്യവുമായി പുതു തലമുറ പരസ്പരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു വെക്തമായി മറുപടിക്കായ്  ഓണപ്പുടാത്ത് കളരിക്കൽ വാസുപണിക്കരുടെ അടുത്ത് എത്തണം.പിന്നീട് വിവരണമായി നാടിന്റെ ചരിത്രവും അന്നത്തേയും ഇന്നത്തേയും വെത്യാസങ്ങളും മറ്റുമായി നീണ്ട ഒരു സംഭാഷണം.പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം ,നമ്മൾ അറിയാത്ത ഒരു സംഗതികൾ ഒരുപാട് സംഭവങ്ങൾ നാട്ടിലെ പ്രധാനികളും ധൈര്യ ശാലികളും നല്ല മനസ്സിനു ഉടമകളുമായിരുന്ന അനേകം പൂർവ്വികരെ കുറിച്ചുള്ള ഒർമചിത്രം മനസ്സിൽ ഒരു അന്തകാരത്തിൽ നിന്നും  വെള്ളി വെളിച്ചമായി പുറത്തേക്കൊഴുകുന്ന അല്പം സുന്ദരവും ജിഞ്ജാസയുമുളവാക്കുന്ന മിനുട്ടുകൾ.

                അങ്ങിനെയാണു പ്രശസ്തനായ കുഞ്ഞൻ പണിക്കരെ കുറിച്ചുള്ള സംസാരത്തിലെത്തിയത്.കേരളത്തിൽ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു പണിക്കർ.ഗ്രാമങ്ങളിൽ നിന്നും കളരി അഭ്യസിക്കാൻ വലിയ ഒഴുക്കു തന്നെയായിരുന്നു ഈ ഗ്രാമത്തിലേക്ക്.പ്രശസ്തി അയൽ ഗ്രാമങ്ങളിൽ നിന്നും മറ്റ് ഗ്രാമങ്ങളിലേക്ക് പ്രവാഹം നിലക്കാതെ...അങ്ങിനെ അനേകം കുട്ടികളുമായി തന്റെ അറിവും സൂത്രവും പറഞ്ഞും കാണിച്ചും കൊടുക്കാനായി കണ്ണൂരിലെത്തി.അവിടുത്തെ ഒരു നാട്ടുപ്രമാണിയുടെ പ്രത്യേക ക്ഷണമനുസരിച്ചായിരുന്നു പരിവാരങ്ങളും ആയുധങ്ങളുമായുള്ള യാത്ര.രാജകീയമായ സ്വീകരണവും.പിന്നീട് കുഞ്ഞൻ പണിക്കർ ഏവരും അറിയപ്പെടുന്ന കലാകാരനായി.ഇന്നത്തെ തലമുറയിലെ കാരണവരായ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. കാലം പട്ടിണിയും പ്രയാസങ്ങളുമായി പോകുമ്പോൾ വർഷത്തിലൊരിക്കലുള്ള വിശാലമായ സദ്യയും പുതു പുടവയും സ്വപ്നം കാണുന്നത് വർഷത്തിലൊരിക്കൽ മാത്രം. നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങൽ അത് ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു നിർബദ്ധവുമായിരുന്നു.ഒരു നേരം ആഹാരം കഴിക്കാൻ വഴിയില്ലാത്തവർക്കും ഉള്ളവർക്കുമായി ഓണക്കോടി വിതരണവും ഓണ സദ്യയും. അങ്ങിനെ ഈ കൊച്ച് ഗ്രാമം ഓണപ്പുടവ എന്ന് വിളിക്കാൻ എല്ലാവരും ഒരുങ്ങി സമീപ വാസികളും മറ്റു നാട്ടുകാരും.

               അന്ന് ഓണത്തിനു പാടത്ത് ഓണത്തല്ലും മറ്റുമായി വലിയ തോതിൽ ആഘോഷവുമായി . ഈ ചരിത്ര സത്യങ്ങൾ വിളിച്ച് പറയാൻ ഓണക്കാലത്ത് കളരിക്കൽ തറവാട്ടിൽ ദ്യശ്യമാധ്യമ പ്രവർത്തകരുടേയും അച്ചടി മാധ്യമ പ്രവർത്തകരുടേയും വലിയ തിരക്കാണു.കാല ക്രമേണ ഓണപ്പുടവ എന്നത് ഓണപ്പുട എന്നതായി ചുരുങ്ങി--


റിപ്പോറ്ട്ട്:മുഹമ്മദ് ഷമീർ കൊളത്തൂർ
കടപാട്:വാസു പണിക്കർ

2012, മാർച്ച് 31, ശനിയാഴ്‌ച

Dubai-DsF 2012 .ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ

ഇനി നമുക്കു യാത്ര തുടങ്ങാം .ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെൽ മാമാങ്കം ഇനി കൺകുളിർക്കെ കാണാം.വിവിധ രാജ്യങ്ങളുടെ വൈവിധ്യമാർന്ന കാഴചകൾ സമ്മാനിക്കുന്ന പവലിയനുകൾ.



















































Kerala Flood @ Gazal